മസ്കത്ത്: ഒമാനിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്‌മയായ സേവ് ഒ ഐ സി സി ഇനി മുതൽ ‘ഇൻകാസ് ഒമാൻ’ എന്ന പേരിൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇത് സംബന്ധിച്ച തീരുമാനം കെ പി സി സിയുടെ, ഒമാൻ ചുമതല വഹിക്കുന്ന ഭാരവാഹികളെ അറിയിച്ചതായും പ്രസിഡൻ്റ് അനീഷ് കടവിൽ അറിയിച്ചു. കോൺഗ്രസ് പ്രസ്‌ഥാനത്തോട് അനുഭാവമുള്ള സംഘടനായ ഒ ഐ സി സിയുടെ മുൻകാല ഭാരവാഹികളും പ്രവർത്തകരുമാണ് ‘ഇൻകാസി’ലും ഉള്ളത്.
ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും സ്‌ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇൻകാസ് ലോഗോ സീനിയർ നേതാവ് ഹൈദ്രോസ് പതുവന പ്രസിഡൻ്റ് അനീഷ് കടവിലിന് നൽകി പ്രകാശനം ചെയ്തു.
കേരളത്തിലെ യു ഡി എഫ് സ്‌ഥാനാർഥികളെ വിജയിപ്പിക്കാൻ ഓരോ മണ്ഡലവും കേന്ദ്രീകരിച്ചു പ്രവർത്തനം വിപുലീകരിക്കും.
ഇപ്പോൾ നാട്ടിലുള്ള പ്രവർത്തകർ അവരുടെ കുടുംബങ്ങൾ എന്നിവരെ പ്രവർത്തങ്ങളിൽ സജീവമാക്കുകയും ഇപ്പോൾ ഒമാനിൽ ഉള്ള പ്രവർത്തകർ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാവുകയും ചെയ്യും. അതോടൊപ്പം മുഴുവൻ അനുഭാവികളെയും പ്രത്യേകിച്ച് അതിശക്‌തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഉള്ളവർ വോട്ടെടുപ്പിന് നാട്ടിലെത്തി വോട്ടെടുപ്പിൽ പങ്കാളിയാകാനും അതോടൊപ്പം തന്നെ അവരാൽ കഴിയുന്ന മുഴുവൻ വോട്ടുകളും പോൾ ചെയ്യിപ്പിക്കാൻ ശ്രമിക്കാനും യോഗം തീരുമാനിച്ചു.
അതേസമയം ഒമാനിലെ ഔദ്യോഗിക പക്ഷം അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുന്ന പക്ഷം പാർട്ടിയുടെ നന്മയെ കരുതി അവരുമായി സഹകരിക്കുമെന്നും നിലവിലെ കമ്മിറ്റി അംഗങ്ങൾ തുടരുന്നതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം റീജിയനൽ കമ്മിറ്റി പുനഃസംഘടനയും പൊതു പരിപാടികളും ആസൂത്രണം ചെയ്യുമെന്നും അനീഷ് കടവിൽ അറിയിച്ചു.