tilal paints hempel
Categories: news updates
share this:

അബൂദബി | പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി, ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി എം എ യൂസഫലി. മകളുടെ ഭര്‍ത്താവ് ഡോ. ഷംഷീര്‍ വയലില്‍ നടപ്പാക്കിയ ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി പ്രത്യേക ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലൂടെ സംസാരിച്ചത്.

രാവിലെ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെയും സന്ദര്‍ശിച്ച് അദ്ദേഹവും കുടുംബാംഗങ്ങളും ഈദ് ആശംസകള്‍ നേര്‍ന്നിരുന്നു. പിന്നാലെ ഭക്ഷണം പോലും മാറ്റിവച്ചാണ് ഗുരുതര രോഗാവസ്ഥയില്‍ നിന്ന് പുതു ജീവിതത്തിലേക്ക് കരകയറുന്ന കുട്ടികളെ കണ്ട് യൂസഫലി പ്രതീക്ഷയും പ്രചോദനവുമേകിയത്. സാമ്പത്തിക പ്രയാസങ്ങളും സംഘര്‍ഷ സാഹചര്യങ്ങളും കാരണം ഹൃദയ ശസ്ത്രക്രിയ നടത്താനാകാതെ ബുദ്ധിമുട്ടിയ അമ്പത് കുട്ടികള്‍ക്കാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റിവ് ആശ്വാസമായിരുന്നത്.

25ഓളം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ കൂടിക്കാഴ്ചയുടെ ഭാഗമായി. കുട്ടികളുടെ ചികിത്സാ പുരോഗതി അദ്ദേഹം ചോദിച്ചറിഞ്ഞു. ‘വേഗത്തില്‍ ആരോഗ്യ നില വീണ്ടെടുക്കാന്‍ പ്രാര്‍ഥിക്കാം. ഇത്തരം സംരംഭങ്ങള്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നതാണ്. മൂത്ത മകളുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ തനിക്ക് സ്വന്തം മകനെ പോലെയാണ്. നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് പകരം നന്മ ലഭിക്കുമെന്നാണ് വിശ്വാസം. തിരിച്ചു പ്രാര്‍ഥനകള്‍ മാത്രമാണ് ഞങ്ങളുടെ ആഗ്രഹം. ഈ കുട്ടികള്‍ അവരുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ടവരായി വളരട്ടെ.’ യൂസഫലി പറഞ്ഞു.പത്‌നി ഷബീറ യൂസഫലി, ഡോ. ഷംഷീര്‍, ഡോ. ഷബീന യൂസഫലി, പേരക്കുട്ടികള്‍ എന്നിവര്‍ക്കൊപ്പമാണ് യൂസഫലി കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

share this:
comments: 0